Kerala
തൃശൂർ: ശബരിമല വിവാദം വഴിതിരിച്ചു വിടാനാണ് സിനിമാതാരങ്ങളുടെ വീട്ടിൽ ഇഡി റെയ്ഡ് നടത്തിയതെന്ന കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ വാദം തള്ളി ബിജെപി സംസ്ഥാന കമ്മിറ്റി അംഗം ദേവൻ. അത് തെറ്റായ വാദമാണെന്നും അങ്ങനെ ചിന്തിക്കുന്നത് നോൺസെൻസ് ആണെന്നും ദേവൻ പറഞ്ഞു.
ശബരിമല വിവാദം വഴി തിരിച്ചുവിടാൻ മാധ്യമങ്ങൾ ശ്രമിക്കുമെന്നും തോന്നുന്നില്ല. സുരേഷ് ഗോപി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും ദേവൻ പറഞ്ഞു. മാധ്യമങ്ങളും ഹൈക്കോടതിയുമാണ് ഈ വിഷയത്തിൽ ജാഗ്രത കാണിക്കുന്നതെന്നും ദേവൻ പറഞ്ഞു.
ശബരിമലയിലേത് വിവാദമല്ല, പകൽ കൊള്ളയാണ്. കൊള്ള നടന്നത് ശബരിമലയിൽ മാത്രമല്ല മറ്റു ക്ഷേത്രങ്ങളിലുമാണ്. കൊള്ള നടത്തുന്നവർ തന്നെ ഇതിനെക്കുറിച്ച് അന്വേഷിച്ചാൽ ശരിയാവില്ല. ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര ഏജൻസി അന്വേഷണം നടത്തണമെന്നും ദേവൻ പറഞ്ഞു.
ദുൽഖർ സൽമാൻ അടക്കമുള്ള താരങ്ങളുടെ വീടുകളിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ് നടത്തിയത് ശബരിമല സ്വർണപ്പാളി വിവാദം മുക്കാനാകാമെന്ന് സുരേഷ് ഗോപി പറഞ്ഞിരുന്നു. സ്വർണപ്പാളി വിവാദം മൂടിക്കെട്ടാനുള്ള ശ്രമമായാണ് ഈ റെയ്ഡ് നടന്നതെന്ന സംശയം തനിക്കുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു.
Kerala
കൊച്ചി: പൃഥ്വിരാജിന്റെയും ദുൽഖറിന്റെയും വീടുകളിലടക്കം 30 ഇടങ്ങളിൽ പരിശോധനയുമായി കസ്റ്റംസ്. ഓപ്പറേഷൻ നുംകൂർ എന്നു പേരിട്ട് കസ്റ്റംസ് ഉദ്യോഗസ്ഥർ രാജ്യവ്യാപകമായി ഇന്ന് നടത്തുന്ന റെയ്ഡിൽ കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോട്ടയം, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ പരിശോധന നടക്കുന്നുണ്ട്.
കേരളത്തിലെ പ്രമുഖരായ വ്യവസായികളുടെ വീടുകളിലും കാർ ഷോറൂമുകളിലും പരിശോധന നടക്കുന്നുണ്ട്.
വില കൂടിയ ആഢംബര വാഹനങ്ങൾ ഭൂട്ടാനിൽ നിന്നും രജിസ്റ്റർ ചെയ്ത് നികുതി വെട്ടിക്കുന്നവരെ കണ്ടെത്തുന്ന പരിശോധനയാണ് ഓപ്പറേഷൻ നുംകൂർ. ഇത്തരത്തിൽ വാഹനങ്ങൾ കൈപ്പറ്റിയ ഉപഭോക്താക്കളെ തേടിയാണ് ഇന്ന് പരിശോധന നടത്തുന്നത്. നുംകൂർ എന്നാൽ ഭൂട്ടാൻ ഭാഷയിൽ വാഹനം എന്നാണ് അർഥം.
പൃഥ്വിരാജിന്റെ തിരുവനന്തപുരത്തെ വീട്ടിൽ കസ്റ്റംസ് പരിശോധന നടത്തിയെങ്കിലും വാഹനങ്ങളൊന്നും കണ്ടെത്താൻ കഴിയാത്തതിനാൽ മടങ്ങി പോയെന്നാണ് വിവരം. കൊച്ചിയിൽ തേവരയിലെ പൃഥ്വിരാജിന്റെ ഫ്ലാറ്റിലും പനമ്പള്ളി നഗറിലെ ദുൽഖറിന്റെ വീട്ടിലും പരിശോധന തുടരുകയാണ്.
റോയൽ ഭൂട്ടാൻ ആർമി ഉപേക്ഷിച്ച 150 വാഹനങ്ങൾ നിയമവിരുദ്ധമായി ഇന്ത്യയിലേക്ക് കടത്തി ഹിമാചൽ പ്രദേശിൽ രജിസ്റ്റർ ചെയ്ത് നാലിരട്ടി വിലയ്ക്കു വിറ്റഴിച്ചെന്ന വാർത്ത നേരത്തെ പുറത്തുവന്നിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസും (ഡിആർഐ) കസ്റ്റംസും കേസ് അന്വേഷിക്കുന്നത്.
ലാൻഡ് ക്രൂസർ, ലാൻഡ് റോവർ, ടാറ്റ എസ്യുവികൾ, മഹീന്ദ്ര–ടാറ്റ ട്രക്കുകൾ എന്നിവയും കടത്തിക്കൊണ്ടുവന്ന വാഹനങ്ങളിൽ ഉൾപ്പെടുന്നു. ഭൂട്ടാനിൽ രജിസ്റ്റർ ചെയ്ത വാഹനം പിന്നീട് ഹിമാചൽ പ്രദേശിലെത്തിക്കുന്നു. അവിടെ നിന്നുമാണ് കേരളത്തിലേക്ക് എത്തുന്നത്.
ഹിമാചൽ പ്രദേശിലെ എച്ച്പി–52 റജിസ്ട്രേഷൻ നമ്പറിലാണ് കൂടുതൽ വാഹനങ്ങളും രജിസ്റ്റർ ചെയ്തിട്ടുള്ളത്. അവിടത്തെ രജിസ്ട്രേഷൻ അതോറിറ്റിയുടെ എൻഒസി ഉൾപ്പെടെയാണ് കേരളത്തിൽ കാറുകൾ വിൽക്കുന്നത്.
കേരളത്തിൽ എത്തിച്ച പല വാഹനങ്ങളും റീ രജിസ്റ്റർ ചെയ്ത് ‘കെഎൽ’ നമ്പറുകളാക്കിയിട്ടുണ്ട്. അഞ്ച് ലക്ഷം രൂപയിൽ താഴെ വിലയ്ക്കാണ് ഭൂട്ടാൻ പട്ടാളം വാഹനങ്ങൾ ഒരുമിച്ച് വിറ്റത്. ഇത്തരം വാഹനങ്ങൾ കേരളത്തിൽ 40 ലക്ഷം രൂപയ്ക്ക് വരെ വിറ്റഴിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
Movies
തെലുങ്ക് ചിത്രം ലക്കി ഭാസ്കറിന് ശേഷം ദുൽഖർ സൽമാൻ നായകനായെത്തുന്ന കാന്തയുടെ ആദ്യ ടീസർ എത്തി. ദുൽഖറിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ടീസർ റിലീസ്. സെൽവമണി സെൽവരാജ് ആണ് ഈ ചിത്രം രചിച്ചു സംവിധാനം ചെയ്യുന്നത്.
ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ്, റാണ ദഗ്ഗുബാട്ടിയുടെ ഉടമസ്ഥതയിലുള്ള സ്പിരിറ്റ് മീഡിയ എന്നിവർ ചേർന്നാണ് ഈ ബഹുഭാഷാ ചിത്രം നിർമിക്കുന്നത്.